ലഹരിക്കെതിരെ യുവശബ്ദം ഉയരട്ടെ; ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 രജിസ്ട്രേഷൻ
തുടങ്ങി
ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും
ആശയവിനിമയ മികവും ആത്മവിശ്വാസവും നേതൃത്വഗുണങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ ഓർമ്മ
ഇന്റർനാഷണൽ, വേൾഡ് മലയാളി ഫെഡറേഷനോടു (WMF) ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര
പ്രസംഗമത്സരം സീസൺ 4 (2026–27) രജിസ്ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 15 മുതൽ ഡിസംബർ 15
വരെയാണ് ആദ്യ റൗണ്ട്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളത്തിലും
ഇംഗ്ലീഷിലുമാണ് മത്സരം. ഗൂഗിൾ ഫോമിലൂടെ മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗവീഡിയോ
സമർപ്പിക്കണം. രജിസ്ട്രേഷൻ ഫീസില്ല; മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ സൗജന്യ
പ്രസംഗപരിശീലനവും മെന്ററിംഗും നൽകും.
കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രചാരണത്തിന് പിന്തുണ നൽകിക്കൊണ്ട്
യുവതലമുറയിൽ ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കുന്നതാണ് സീസൺ 4-ന്റെ പ്രധാന സാമൂഹിക
ദൗത്യം. ഇംഗ്ലീഷിൽ “Choose Dreams, Choose Life, Say No to Drugs”, മലയാളത്തിൽ
“സ്വപ്നങ്ങൾ തിരഞ്ഞെടുക്കാം, ജീവിതം തിരഞ്ഞെടുക്കാം, നാശത്തിന്റെ ലഹരി ഉപേക്ഷിക്കാം”
എന്നിവയാണ് ആദ്യ റൗണ്ടിലെ വിഷയങ്ങൾ.
സീസൺ 4 പ്രചാരണത്തിന് മുഖ്യമന്ത്രി വി. ഡി. സതീശൻ തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രി രമേശ്
ചെന്നിത്തല, വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ, മന്ത്രി അഡ്വ. മോൻസ് ജോസഫ് എന്നിവരും
പിന്തുണയും ആശംസയും അറിയിച്ചു. ഒന്നാം സീസൺ മുതൽ ഈ സംരംഭത്തെ പ്രോത്സാഹിപ്പിച്ചുവരുന്ന ഡോ.
ശശി തരൂർ സീസൺ 4-നും പ്രത്യേക സന്ദേശത്തിലൂടെ പിന്തുണ അറിയിച്ചു.
മത്സരത്തോടൊപ്പം വിദ്യാർത്ഥികളെ മികച്ച പ്രസംഗകരും ആശയവിനിമയക്കാരുമായി വളർത്തുന്നതിനുള്ള
പരിശീലനമാണ് ഓർമ്മയുടെ പ്രത്യേകത. സിനർജി കൺസൾട്ടൻസിയിലെ ഡോ. ബെന്നി കുര്യൻ, സോയി
തോമസ് എന്നിവർ പ്രസംഗപരിശീലനങ്ങൾക്കും ജോർജ് കരുണയ്ക്കൽ, പ്രൊഫ. ടോമി ചെറിയാൻ എന്നിവർ
മെന്ററിംഗിനും നേതൃത്വം നൽകുന്നു.
വിജയികൾക്ക് ആകെ ₹10 ലക്ഷം കാഷ് പ്രൈസുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. സീനിയർ
വിഭാഗത്തിലെ മികച്ച പ്രതിഭയ്ക്കുള്ള ‘ORMA Orator of the Year 2027’ ₹1 ലക്ഷം ഗ്രാൻഡ്
പ്രൈസ് അറ്റോർണി ജോസഫ് കുന്നേൽ സ്പോൺസർ ചെയ്യുന്നു. ആദ്യ മൂന്ന് സീസണുകളിലായി
3,500-ത്തിലധികം വിദ്യാർത്ഥികൾ മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്; മൂന്നാം സീസണിൽ മാത്രം
1,680 പേർ പങ്കെടുത്തു.
നാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ
സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ
ജോസ് തോമസ്, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവൽ, മീഡിയ ചെയർ
അരുൺ കോവാട്ട്, പി.ആർ.ഒ. മെർളിൻ മേരി അഗസ്റ്റിൻ, കേരള ചാപ്റ്റർ പ്രസിഡന്റ് കുര്യാക്കോസ്
മണിവയലിൽ, എബി ജെ. ജോസ്, ഷാജി അഗസ്റ്റിൻ ആറ്റുപുറം എന്നിവർ പ്രവർത്തനങ്ങൾക്ക് പ്രധാന
പങ്കുവഹിക്കുന്നു. WMF സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ.
ആനി ലിബു എന്നിവരുടെ നേതൃത്വത്തിലുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ ആഗോള ശൃംഖലയും സീസൺ 4-ൽ
പങ്കുചേരുന്നു.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ജൂനിയർ, സീനിയർ ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റ്
7-ന് പാലായിൽ നടക്കും. സബ് ജൂനിയർ വിഭാഗം പൂർണമായും ഓൺലൈനായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: www.ormaspeech.org വാട്സ്ആപ്പ്: +1 412 656 4853,
+91 7907810571
News
24, Sep, 2026
ORMA Editorial Desk
ലഹരിക്കെതിരെ യുവശബ്ദം ഉയരട്ടെ; ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 രജിസ്ട്രേഷൻ തുടങ്ങി.
ലഹരിക്കെതിരെ യുവശബ്ദം ഉയരട്ടെ; ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 രജിസ്ട്രേഷൻ തുടങ്ങി.